വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനെതിരെ കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍. ടി ബാലകൃഷ്ണന്‍ പറഞ്ഞ പെപ്സി കമ്പനിയുടെ കരാര്‍ കൃഷിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഒരു സ്വകാര്യവാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബാലകൃഷ്ണന്‍ പറഞ്ഞ പെപ്സി കൃഷിയെക്കുറിച്ച് തനിക്ക് അറിയില്ല. അംഗീകാരമില്ലാത്ത വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷി തടയും. വ്യവസായം നടത്തുന്നതിനെപ്പറ്റി വ്യവസായ വകുപ്പ് സെക്രട്ടറിക്ക് അഭിപ്രായം പറയാം. എന്നാല്‍, കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ നയമാണ് പ്രധാനം. പെപ്സിയുടെ കരാര്‍ നെല്‍കൃഷിക്ക് അനുമതിയില്ല. റവന്യൂ - കൃഷി വകുപ്പുകളുടെ അനുമതിയില്ലാതെ കരാര്‍ കൃഷി നടത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും ആധുനിക കൃഷി സമ്പ്രദായവുമാണ് പെപ്സി കരാര്‍ കൃഷിയുടെ പ്രത്യേകത. സാധാരണ കൃഷിയുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഈ കൃഷിക്ക് വരികയുള്ളൂവെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ കഴിഞ്ഞമാസം കോഴിക്കോട് നടന്ന യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി മുല്ലക്കര രത്നാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കരാര്‍ കൃഷിയെക്കുറിച്ച് അറിയില്ലെന്ന് കൃഷിവകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.