പൂര്‍ണിമയ്ക്ക് നിങ്ങളുടെ സഹായം വേണം

വെള്ളി, 4 ഫെബ്രുവരി 2011 (10:02 IST)
PRO
PRO
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടൂറിസ്റ്റ് ബസ്സിന്റെ വാതില്‍തട്ടി ഗുരുതരമായി പരുക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സാ സഹായം തേടുന്നു. വെള്ളിമാട് കുന്ന് ജെ.ഡി.ടി ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പൂര്‍ണിമയാണ് (16) അപകടത്തില്‍പെട്ടത്.

ജനുവരി 12ന് വെള്ളിമാട് കുന്നിലായിരുന്നു സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം നടന്നു വരുന്നതിനിടെ വാതില്‍ തട്ടി റോഡില്‍ തെറിച്ചുവീണ പൂര്‍ണിമയെ നാട്ടുകാരാണ് ആസ്​പത്രിയിലെത്തിച്ചത്. ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന്റെ വശത്തെ ഗുഡ്‌സ് കയറ്റുന്ന അറയുടെ വാതില്‍ തുറന്ന രീതിയിലായിരുന്നു.

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് പൂര്‍ണമയിപ്പോള്‍. സുഷുമ്‌നാ നാഡിക്ക് പരുക്കേറ്റ പൂര്‍ണിമയ്ക്ക് ശ്വാസകോശ സംബന്ധമായ തളര്‍ച്ചയാണ് ബാധിച്ചിരിക്കുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് അരക്കോടിയോളം രൂപ് ചെലവ് വരും. പൂര്‍ണിമയുടെ മാതാപിതാക്കള്‍ വളരെ സാധാരണക്കാരാണ്. അവര്‍ക്കൊരിക്കലും ഇത്രയും തുക സമാഹരിക്കാന്‍ കഴിയില്ല.

പൂര്‍ണിമയുടെ അവസ്ഥയറിഞ്ഞ് സഹായധനം സമാഹരിക്കാനായി അയല്‍വാസികളും അധ്യാപകരും ചേര്‍ന്ന് ചികിത്സാ സഹായകമ്മിറ്റി രൂപവല്‍‌ക്കരിച്ചിട്ടുണ്ട്. 'പൂര്‍ണിമ ചികിത്സാ സഹായകമ്മിറ്റി' എന്ന പേരില്‍ വെള്ളിമാട് കുന്ന് കനറാബാങ്ക് ശാഖയില്‍ 0839101039809 എന്ന അക്കൗണ്ടിലാണ് സഹായധനം നിക്ഷേപിക്കേണ്ട്ത്. ആകും‌വിധം പൂര്‍ണിമയെ സഹായിക്കാന്‍ എല്ലാ വായനക്കാരോടും വെബ്‌ദുനിയ മലയാളം അഭ്യര്‍ത്ഥിക്കുന്നു.

വെബ്ദുനിയ വായിക്കുക