പുല്ലുവിളയില്‍ പ്രതിഷേധവുമായി മരണമടഞ്ഞയാളുടെ ബന്ധുക്കളും നാട്ടുകാരും; സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തിങ്കള്‍, 22 മെയ് 2017 (11:04 IST)
തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. റോഡ് ഉപരോധമടക്കമുളള പ്രതിഷേധങ്ങളുമായാണ് മരിച്ച മത്സ്യത്തൊഴിലാളി ജോസ്‌ക്ലിന്റെ ഭാര്യയും കുട്ടികളും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ആളാണ് ഇവിടെ തെരുവുനായയുടെ കടിയേറ്റ് മരിക്കുന്നത്. 
 
സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് പുല്ലുവിളയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നായകളുടെ ആക്രമണത്തില്‍ മരണമടഞ്ഞ ഷീലുവമ്മയുടെ അയല്‍‌വാസിയാണ് ഇന്ന് മരിച്ച ജോസ്‌ക്ലിനും കുടുംബവും താമസിക്കുന്നത്. ഇവരുടെ ബന്ധുക്കളോടൊപ്പമായിരുന്നു ജോസ്‌ക്ലിന്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടക്കാത്തതിനാണ് ഈ പ്രതിഷേധം.
 
ഇന്നലെ രാത്രിയാണ് ജോസ്‌ക്ലിന് നായയുടെ കടിയേല്‍ക്കുന്നത്. നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം രാത്രി പുറത്തിറങ്ങിയപ്പോളായിരുന്നു കടല്‍ത്തീരത്ത് വെച്ച് ഇയാള്‍ക്ക് നായയുടെ കടിയേല്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക