പുല്ലുമേട് ദുരന്തത്തിന് പിന്നില്‍ മുസ്ലീങ്ങള്‍!

തിങ്കള്‍, 21 മാര്‍ച്ച് 2011 (09:21 IST)
PRO
മകരജ്യോതി ദര്‍ശനത്തിനെത്തിയ അയ്യപ്പന്മാര്‍ മരിക്കാനിടയായ പുല്ലുമേട് ദുരന്തത്തിന് പിന്നില്‍ മുസ്ലീങ്ങളാണെന്ന് സംശയം പ്രകടിപ്പിച്ച ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ പിപി സാനുവിനെതിരെ പ്രതിഷേധം ശക്തം. വണ്ടിപ്പെരിയാറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് സാനു ‘പുതിയ സംശയം’ പ്രകടിപ്പിച്ചത്. ശബരിമലയില്‍ 102 സ്വാമിമാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മുസ്ലീം തീവ്രവാദികളുടെ പങ്കെന്തെന്ന് അന്വേഷിക്കണമെന്നും അയ്യപ്പ ഭക്തരെ അപായപ്പെടുത്താന്‍ കോഴിക്കോട്ട്‌ നിന്ന്‌ ഒരു വാഹനമെത്തിയെന്നും സാനു പ്രസംഗിച്ചതായിട്ടാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സാനു പ്രസംഗിക്കുന്നതിന് ഇടയില്‍ തന്നെ കേള്‍‌വിക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ‘മുസ്ലീം പരാമര്‍ശം’ പ്രസംഗത്തില്‍ നിന്ന് നീക്കണം എന്ന് കേട്ടുനിന്നവര്‍ ഉറക്കെ വിളിച്ച് പറഞ്ഞെങ്കിലും സാനു പ്രസംഗവുമായി മുന്നോട്ടുപോയി. വ്യത്യസ്ത മതവിഭാഗക്കാരെ തമ്മിലടിപ്പിക്കാന്‍ കാരണമായേക്കുന്ന ഇത്തരമൊരു പ്രസ്താവന്‍ കേട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ എസ്‌ഐയും സംഘവും നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.

പുല്ലുമേട്ടില്‍ ദുരന്തം ഉണ്ടായപ്പോള്‍ സഹായഹസ്തങ്ങളുമായി ഓടിക്കൂടിയ നാട്ടുകാരില്‍ നിരവധി മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ബിജെപി മറക്കരുതെന്ന് മുസ്ലീം സംഘടനകള്‍ പറയുന്നു. മരിച്ച സ്വാമിമാരെ പുല്ലുമേട്ടില്‍ നിന്നു വണ്ടിപ്പെരിയാറ്റിലും കുമളിയിലും എത്തിക്കാനും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ടത്‌ മുസ്ലീങ്ങള്‍ അടക്കമുള്ളവരാണ്‌. ഈ വസ്തുതകള്‍ മറച്ചുവച്ചാണ്‌ ബിജെപി വോട്ട്‌ മാത്രം കണ്ടുകൊണ്ട് വര്‍ഗീയ പ്രചാരണങ്ങളുമായി രംഗത്ത്‌ എത്തിയിരിക്കുന്നു എന്നാണ് ആരോപണം.

വെബ്ദുനിയ വായിക്കുക