പുല്ലുമേട്ടില്‍ കാണാതായ തീര്‍ത്ഥാടകന്‍റെ മനോനില തെറ്റി

ശനി, 22 ജനുവരി 2011 (18:06 IST)
മകരവിളക്ക് ദിവസം പുല്ലുമേട്ടിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് കാണാതായ തീര്‍ത്ഥാടകനെ മാനസിക നില തെറ്റിയ നിലയില്‍ കണ്ടെത്തി. മൈസൂര്‍ ഗസറ സ്വദേശി വെങ്കിടേഷി(42)നെയാണ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം കണ്ടെത്തിയത്.

തീര്‍ത്തും അവശനായ നിലയില്‍ ഒരു ശബരിമല തീര്‍ത്ഥാടകന്‍ കടവരാന്തയില്‍ കിടക്കുന്നത്‌ ശ്രദ്ധയില്‍ പെട്ട വ്യാപാരികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് കാണാതായ ആളാണെന്ന് വ്യക്തമായത്.

മകരജ്യോതി ദര്‍ശിക്കാനായി കര്‍ണാടകയില്‍ നിന്ന് എത്തിയ എട്ടംഗ സംഘത്തില്‍പ്പെട്ട ആളാണ് വെങ്കിടേഷ്‌. പുല്ലുമേട്ടില്‍ നിന്ന് ഇവര്‍ മകരജ്യോതി കണ്ടു. എന്നാല്‍ ദുരന്തത്തെ തുടര്‍ന്ന്‌ വെങ്കിടേഷിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മക്കളും മറ്റും ഇദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ അവര്‍ വെങ്കിടേഷില്ലാതെ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.

ആശുപത്രിയില്‍ വച്ച് വെങ്കിടേഷ്‌ നല്‍കിയ ഫോണ്‍ നമ്പരില്‍ പൊലീസ് ബന്ധപ്പെട്ട് മകനെ വിവരമറിയിച്ചു. അവര്‍ പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക