പുന്നമടക്കായലില്‍ വള്ളംമറിഞ്ഞു: മധുവിധു ആഘോഷിക്കാനെത്തിയ യുവതി മുങ്ങിമരിച്ചു

ബുധന്‍, 12 ജൂണ്‍ 2013 (10:49 IST)
PRO
PRO
മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതികള്‍ കയറിയ വള്ളം പുന്നമടക്കായലില്‍ അപകടത്തില്‍പ്പെട്ടു. ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശ് വിശാഖപട്ടണം ഗല്ലാമതി എല്‍സിറ്റി നാഗമണി (23) ആണ് മരിച്ചത്. ഭര്‍ത്താവ് സാഗര്‍ സിയാദി(30)നെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

ദമ്പതികള്‍ സഞ്ചരിച്ച വള്ളം ചൊവ്വാഴ്ച ഉച്ചയോടെയാണ് മറിഞ്ഞത്. പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ നെഹ്രു പവലിയന് സമീപത്ത് വച്ചാണ് വള്ളം തലകീഴായി മറിഞ്ഞത്. മറ്റുവള്ളക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ശ്രമം വിഫലമായി. അതേസമയം വള്ളം നിയന്ത്രിച്ചിരുന്ന നെഹ്രുട്രോഫി വാര്‍ഡ് സ്വദേശി സാജന്‍ നീന്തി രക്ഷപ്പെട്ടു. വൈകിട്ടോടെയാണ് നാഗമണിയുടെ മൃതദേഹം കണ്ടെത്തിയത്.

അമേരിക്കയില്‍ എഞ്ചിനീയറായ സാഗര്‍ സിയാദും നാഗമണിയും ഒരാഴ്ച മുമ്പാണ് വിവാഹിതരായത്. മൂന്നുദിവസം മുമ്പാണ് ഇവര്‍ കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക