പീഡനശ്രമം: പൂജാരി അറസ്റ്റില്‍

വെള്ളി, 19 ജൂലൈ 2013 (16:50 IST)
PRO
PRO
കാട്ടാക്കടയ്ക്കടുത്ത് കുറ്റിച്ചലില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുവന്ന പരാതിയില്‍ പൂജാരി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയുടെ അസുഖം മാറ്റുന്നതിന് വേണ്ടി പൂജ നടത്താനായി പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വീട്ടില്‍ വിളിച്ചുവരുത്തിയ അനിലന്‍ തിരുമേനി എന്ന സുരേഷ് കുമാറിനെയും (42) സംഘത്തെയുമാണ്‌ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടികൂടിയത്.

കാഞ്ഞിരപ്പള്ളി പൂയപ്പള്ളി പാലമ്പ്ര ഇടപ്പാടി വീട്ടില്‍ സുരേഷ് കുമാര്‍ ഇപ്പോള്‍ ആര്യനാട് ഐത്തി ചൈത്രം വീട്ടില്‍ താമസിക്കുകയാണ്‌. പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ വെള്ളനാട് കവിയാക്കോട് കൈരളി ഭവനില്‍ മനോജ് എന്ന ഇരുപത്തിയെട്ടുകാരനാണ്‌ രണ്ടാം പ്രതി.

ഇവര്‍ക്കൊപ്പം പലിശയ്ക്ക് പണം നല്‍കുന്ന കുറ്റിച്ചല്‍ തച്ചന്‍കോട് അനു ഭവനില്‍ വിജയന്‍ എന്ന 41 കാരനും പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മൂമ്മയ്ക്ക് പണം കടം കൊടുത്തതിന്‍റെ പേരില്‍ ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.

ചെറുപ്പത്തിലേ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിയും ഇളയ സഹോദരിയും അപ്പൂപ്പന്‍റെയും അമ്മൂമ്മയ്ക്കുമൊപ്പമാണ്‌ കഴിയുന്നത്. പ്രതികളെ നെയ്യാര്‍ഡാം പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.

വെബ്ദുനിയ വായിക്കുക