പി സി ജോര്‍ജ്ജിനെതിരെ ലേഖനം; കെ എം മാണിയുടെ പിആര്‍ഒ രാജിവച്ചു
ശനി, 23 ഫെബ്രുവരി 2013 (18:15 IST)
PRO
ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കലാകൊമുദിയില്‍ ലേഖനമെഴുതിയ ധനമന്ത്രി കെ എം മാണിയുടെ പിആര്‍ഒ പി എം ബിനുകുമാര്‍ രാജിവച്ചു. ലേഖനം മാണിക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടാക്കിയതിനാലാണ് രാജിയെന്ന് ബിനുകുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
തനിക്കെതിരെ ലേഖനമെഴുതിയ മാണിയുടെ പിആര്‍ഒ വിവരദോഷിയാണെന്നും ഇയാള്‍ രാജിവെക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. 'ടെലിവിഷന്‍ ന്യൂറോറിസ്' എന്ന തലക്കെട്ടോടെ ബിനുകുമാര്‍ എഴുതിയ ലേഖനത്തില്‍ പി സി ജോര്‍ജ് സമീപ കാലത്ത് മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങളും അനാഥരെ അവഹേളിക്കുന്ന പ്രസ്താവനകളും പ്രതിപക്ഷാംഗങ്ങളെ തെണ്ടികളെന്നും വിളിച്ചതിനെയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
'മൈക്ക് ഹോള്‍ഡറുകളുടെ എണ്ണം കൂടുമ്പോള്‍ മലയാളികളുടെ ചങ്കിടിക്കുകയാണ്. ജോര്‍ജ്ജിനെപ്പോലുള്ളവരെ സഹിക്കേണ്ടി വരുമല്ലോ തമ്പുരാനെ‘ എന്ന് ലേഖനത്തില്‍ ഹൈലൈറ്റ് ചെയ്തിരുന്നു.
ബിനുകുമാറിനെ സ്ഥാനത്തുനിന്നും നീക്കാന്‍ മന്ത്രി മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിനുകുമാറിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. എല്ലാ തരത്തിലും അവനെ കൈകാര്യം ചെയ്യുമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പി എം ബിനുകുമാര്‍ പ്രസ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്.