പി സി ജോര്‍ജിന്‍റെ വീട്ടിലെ മോഷണത്തിന് പിന്നില്‍ ആട്!
ശനി, 28 മെയ് 2011 (14:20 IST)
PRO
പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്‍റെ വീട്ടില്‍ അടുത്ത കാലത്ത് നടന്ന മോഷണത്തിന് പിന്നില്‍ ‘ആട് ആന്‍റണി’ എന്ന മോഷ്ടാവാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ വലയിലാക്കാനുള്ള നടപടികള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍ 23നാണ് പി സി ജോര്‍ജ്ജിന്‍റെ കാഞ്ഞിരപ്പള്ളി ചോറ്റിയിലുള്ള വീട്ടില്‍ ‘ആട്’ കയറിയത്. വീട്ടുപകരണങ്ങളാണ് പ്രധാനമായും കള്ളന്‍ കവര്‍ന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ആട് ആന്‍റണി പൊലീസിനെ വെട്ടിച്ച് വിലസുകയാണ്.
ഒരു വീട്ടില്‍ കയറിയാല്‍ വീട്ടുപകരണങ്ങളും സ്വര്‍ണാഭരണങ്ങളും കംപ്യൂട്ടറും ഉള്‍പ്പടെ എല്ലാ വീട്ടുസാധനങ്ങളും അടിച്ചുമാറ്റുന്ന രീതിയാണ് ആട് ആന്‍റണിയുടേത്. വീടുകള്‍ മാത്രമല്ല സ്കൂളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളും ആടിന് ഇഷ്ടമുള്ള കേന്ദ്രങ്ങളാണ്.
കൊല്ലം കുണ്ടറ സ്വദേശിയാണ് ആട് ആന്‍റണി എന്ന നെടുവിള വടക്കത്ത് ആന്‍റണി. ഏറ്റുമാനൂര്‍ സ്വദേശിയായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് പത്തരലക്ഷം രൂപ കവര്‍ന്നതോടെയാണ് ആട് ആന്‍റണി പൊലീസിന്‍റെ കണ്ണിലെ കരടായത്.