പി സി ജോര്‍ജിനെ മാറ്റില്ല: മാണി

ബുധന്‍, 27 മാര്‍ച്ച് 2013 (17:49 IST)
PRO
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. ജോര്‍ജിനെ മാറ്റുന്ന കാര്യം അജണ്ടയിലേയില്ല എന്നാ‍ണ് മാണി പ്രതികരിച്ചത്.

ജോര്‍ജിനെ സംബന്ധിച്ച വിഷയത്തില്‍ ‘അഭിപ്രായം പറയാനില്ല’ എന്ന നിലപാടാണ് കെ എം മാണി ആദ്യം സ്വീകരിച്ചതെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ജോര്‍ജിനെ മാറ്റുന്ന കാര്യം അജണ്ടയിലില്ല എന്ന് മാണി പ്രതികരിച്ചു. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം ഉയരാത്തിടത്തോളം കാലം അക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ല - മാണി പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് മാണി പറഞ്ഞു. എന്നാല്‍ പി സി ജോര്‍ജിനെ മാറ്റണമെന്ന് ചില മാധ്യമങ്ങളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഔദ്യോഗികമായി അങ്ങനെയൊരു ആവശ്യം ഉയര്‍ന്നിട്ടില്ല - മാണി വ്യക്തമാക്കി.

അതേസമയം, പി സി ജോര്‍ജ് വിഷയത്തില്‍ യു ഡി എഫ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജെ എസ് എസ് നേതാവ് രാജന്‍ ബാബു പറഞ്ഞു.

വെബ്ദുനിയ വായിക്കുക