ലൈംഗിക ആരോപണക്കേസില്‍ സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സി പി എമ്മിന്‍റെ ഒരു എം എല്‍ എയും നല്‍കിയ പരാതികളാണ് ശശിയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.
യോഗാ - പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി ശശി ചികിത്സയില്‍ കഴിയുന്ന കാലത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഡി വൈ എഫ് ഐ നേതാവിന്‍റെ ഭാര്യയായ യുവതി സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. സി പി എമ്മിലെ പ്രമുഖനായ ഒരു എം എല്‍ എ സമാനമായ മറ്റൊരു പരാതി നല്‍കി. എം എല്‍ എയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.