പി ജയരാജനെ കുടുക്കാന്‍ ഉമ്മന്‍‌ചാണ്ടി ഗൂഢാലോചന നടത്തി: ഇ പി

ശനി, 16 ഫെബ്രുവരി 2013 (20:01 IST)
PRO
ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഷുക്കൂര്‍ വധക്കേസിലെ സാക്ഷികള്‍ മൊഴി നിഷേധിച്ചതോടെ ഇക്കാര്യം വ്യക്തമായിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അംഗസംഖ്യ കുറയ്ക്കാമെന്ന വ്യാമോഹമാണ് ടി വി രാജേഷ്‌ എംഎല്‍എ പ്രതിയാക്കിയതിന് പിന്നില്‍. അവരെ ജയിലിലിട്ടു പീഡിപ്പിച്ചതിന് ഉമ്മന്‍‌ചാണ്ടിയും തിരുവഞ്ചൂരും മറുപടി പറയണം - ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

ഷുക്കൂര്‍ വധത്തിനു പിന്നില്‍ കോണ്‍ഗ്രസിന്‍റെ കൈകളുണ്ടെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഷുക്കൂര്‍, ഫസല്‍ വധക്കേസുകള്‍ ഉപയോഗിച്ച് മുസ്ലിങ്ങളെ സി പി എമ്മില്‍ നിന്ന്‌ അകറ്റാനാണ് കോണ്‍ഗ്രസ്‌ ശ്രമിച്ചത്. എന്നാല്‍ മുസ്ലിങ്ങള്‍ അവരുടെ രക്ഷകരായി മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് സി പി എമ്മിനെയാണ്‌. ആ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയോ തിരുവഞ്ചൂരോ ശ്രമിച്ചാല്‍ സാധിക്കില്ല - ഇ പി ജയരാജന്‍ പറഞ്ഞു.

നാല്‍പ്പാടി വാസു വധക്കേസില്‍ പരാതി ലഭിച്ചാല്‍ വീണ്ടും അന്വേഷിക്കാമെന്ന് വാക്കുപറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാതി കൊടുത്തിട്ടും നടപടിയെടുക്കുന്നില്ല. നിലയും വിലയുമുള്ള ആളല്ല തിരുവഞ്ചൂരെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും ഇ ജി ജയരാജന്‍ തുറന്നടിച്ചു.

വെബ്ദുനിയ വായിക്കുക