പിസി ജോര്‍‌ജ്ജിനെതിരെ വി‌എസിന്റെ ഗ‌ണ്മാന്റെ മാനനഷ്ടക്കേസ്

വെള്ളി, 21 ജൂണ്‍ 2013 (17:16 IST)
PRO
വിഎസ് അച്യുതാനന്ദന്റെ ഗണ്‍മാന്‍ കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. സോളാര്‍ പാനല്‍ തട്ടിപ്പില്‍ വിഎസിന്രെ സെക്യൂരിറ്റി സ്റ്റാഫായ സിജുവിന് പങ്കുണ്ടെന്ന തരത്തില്‍ പിസി ജോര്‍ജ്ജ് പ്രസ്താവന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതെന്നാണ് സൂചന.

‘വിഎസിന്‍റെ സുരക്ഷാ ചുമതലയിലുള്ള സിജുവെന്ന പൊലീസുകാരന്‍ തട്ടിപ്പുസംഘത്തിലെ സജീവപ്രവര്‍ത്തകനും വക്താവുമാണെന്നും എന്നാല്‍ ഇക്കാര്യം വിഎസിന് അറിയാമെന്നു കരുതുന്നില്ല. വിഎസിനോട് ഇതു പറഞ്ഞിട്ടുമില്ല. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇപ്പോഴും ഇയാള്‍ സുരക്ഷാചുമതലയിലുണ്ട്‘.

‘വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സരിത എസ്. നായരുടെ ക്രെഡിറ്റ് ഇന്‍ററസ്റ്റ് എന്ന സ്ഥാപനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുന്നതു സിജുവാണ്. ഓഫിസില്‍ പരാതിയുമായെത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതും സിജുവാണ്. സിജുവിനെതിരേ തന്‍റെ പക്കല്‍ തെളിവുണ്ട്. ഇതു സംബന്ധിച്ചു പരാതി നല്‍കും. ഒരു എഡിജിപിക്കും സിജുവുമായി അടുത്ത ബന്ധമുണ്ട്. എന്നാല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഇയാളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും‘ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക