പിസി ചാക്കോയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വി എം സുധീരന്‍

ശനി, 15 മാര്‍ച്ച് 2014 (16:47 IST)
PRO
PRO
തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമല്ല ഉള്ളതെന്ന എഐസിസി വക്താവ് പിസി ചാക്കോയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചാക്കോയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സുധീരന്‍ ആലപ്പുഴ പ്രസ് ക്ലബിന്റെ ജനവിധി പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല ജയസാദ്ധ്യതയാണുള്ളത്. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ജയസാദ്ധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു പരാമര്‍ശവും ആരുടെയും ഭാഗത്ത് നിന്നുണ്ടാവരുത്. അങ്ങനെ സംഭവിച്ചാല്‍ നടപടി എടുക്കുമെന്നും സുധീരന്‍ പറഞ്ഞു.

സീറ്റ് നിര്‍ണയത്തില്‍ രാഷ്ട്രീയ മര്യാദ കാണിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. വനിതകള്‍ക്കും സീറ്റു നല്‍കി. ജെഎസ്എസുമായി ബന്ധപ്പെട്ട് രാജന്‍ ബാബു വിഭാഗം ഉന്നയിച്ച പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ ആലോചിച്ച് പരിഹാരം കാണുമെന്നും സുധീരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക