കേരള രാഷ്ട്രീയത്തെയും ഇളക്കിമറിച്ച ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയ്ക്ക് ശനിയാഴ്ച പൂജപ്പുര ജയിലിലെ ആദ്യ രാത്രിയായിരുന്നുവെങ്കില്‍ 2ജി സ്പെക്‌ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലിലടയ്ക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി എ രാജയ്ക്ക് വെള്ളിയാഴ്ച ജയിലിലെ ആദ്യത്തെ പകലായിരുന്നു.
ജയില്‍ യൂണീഫോം ധരിക്കാതെ സാധാരണ വസ്ത്രം ധരിച്ച് അത്താഴത്തിന് കഞ്ഞിയും പയറും പപ്പടവും കഴിച്ച് ബാലകൃഷ്ണ പിള്ള ഉറങ്ങി. രാജയാകട്ടെ വ്യാഴാഴ്ച നിലത്ത് കിടന്നാണ് ഉറങ്ങിയത്. ബാലകൃഷ്ണപിള്ളയ്ക്ക് പൂജപ്പുര ജയിലിലെ ഈ മുറി അപരിചിതമല്ല. ഇത് മൂന്നാം തവണയാണ് ബാലകൃഷ്ണപിള്ള ഈ തടവുമുറിയില്‍ കഴിയുന്നത്. പത്ത് വര്‍ഷം മുമ്പ് ഗ്രാഫൈറ്റ് കേസിലും ഇതേ ഇടമലയാര്‍ കേസിലും ശിക്ഷിക്കപ്പെട്ട് പിള്ള ഈ തടവുമുറിയില്‍ കഴിഞ്ഞിട്ടുണ്ട്.
മെത്തയും തലയണയുമുള്ള കട്ടിലിലാണ് ബാലകൃഷ്ണപിള്ള ജയിലിലെ ആദ്യരാത്രിയില്‍ ഉറങ്ങിയതെങ്കില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന രാജ ഉറങ്ങിയത് തറയിലാണ്. തറയില്‍ കരിമ്പടം വിരിച്ചായിരുന്നു രാജ ഉറങ്ങിയത്. തടവുകാര്‍ക്ക് എഴുന്നേല്‍ക്കാനുള്ള ‘റോള്‍ കോള്‍’ മുഴങ്ങിയപ്പോള്‍ രാജ എഴുന്നേറ്റു. ചായ കുടിക്കുന്നതിന് മുമ്പ് ഇംഗ്ലീഷ് പത്രങ്ങള്‍ ഓടിച്ചുവായിച്ച രാജ തുടര്‍ന്ന് ജയില്‍ വളപ്പില്‍ കുറച്ച് നടന്നുകൊണ്ട് വ്യായാമം ചെയ്യുകയും ചെയ്തു.
ബാലകൃഷ്ണപിള്ളയ്ക്ക് അടുത്ത മുറിയില്‍ കൂട്ടുകാരനായി, രാജന്‍ കേസില്‍ അകത്തായ മുന്‍ ഡിജിപി ലക്ഷ്മണയുണ്ട്. രാജയുടെ സഹതടവുകാരനും വലിയ പുള്ളിയാണ്. കോണാട്ട്‌പ്ലേസില്‍ വച്ച് രണ്ട് ബിസിനസുകാരെ തോക്കിനിരയാക്കിയ മുന്‍ ഡല്‍ഹി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എസ്‌എസ് രഥിയാണ് രാജയ്ക്ക് കൂട്ട്.