പിണറായി വിജയനെ പാര്‍ട്ടിക്കകത്തും പുറത്തും എതിര്‍ക്കുന്നവരെ അസഭ്യവര്‍ഷം കൊണ്ട് നിരത്തുന്ന ജെസിബിയാണ് എം എം മണി: പി ടി തോമസ്

തിങ്കള്‍, 10 ജൂലൈ 2017 (15:10 IST)
പിണറായി വിജയനെ പാര്‍ട്ടിക്കകത്തും പുറത്തും എതിര്‍ക്കുന്നവരെ അസഭ്യവര്‍ഷം കൊണ്ട് നിരത്തുന്ന ജെസിബിയാണ് വൈദ്യുതി മന്ത്രി എം എം മണിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ്. അര്‍ഹതയുള്ള സുരേഷ് കുറുപ്പ്, ശര്‍മ, രാജു എബ്രഹാം തുടങ്ങിവര്‍ ഉണ്ടായിട്ടു പോലും എം എം മണിയെ മന്ത്രിയാക്കിയത് പിണറായിയെ എതിര്‍ക്കുന്നവരെ അസഭ്യവര്‍ഷം കൊണ്ട് ചെറുക്കാനാണ്. 
 
എം എം മണിക്ക് വൈദ്യുതി വകുപ്പ് നല്‍കിയത് പിണറായിക്കെതിരെ ലാവലിന്‍ കേസ് നിലനിക്കുന്ന സാഹചര്യത്തില്‍ പല കാര്യങ്ങളിലെയും പിന്‍സീറ്റ് ഡ്രൈവിങ്ങിനാണെന്നും പിടി തോമസ് ആരോപിച്ചു. കുടാതെ ജോയ്സ് ജോര്‍ജ് എംപിയുടേയും റോയല്‍ പ്ലാന്റേഷന്റെയും ഉള്‍പ്പെടെയുള്ള കൈയേറ്റങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന ഭയം കൊണ്ടാണ് ഇടുക്കി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 
 
മെയ് 27 ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആയിരക്കണക്കിന് വരുന്ന നീലക്കുറിഞ്ഞി സാങ്ച്വറി അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ ഇതിന്റെ സെന്റിമെന്റ് ഓഫീസറായിരുന്നു. ഇതാണ്  ശ്രീറാം വെങ്കിട്ടരാമനെ ഇടുക്കിയില്‍ നിന്ന് മാറ്റാനുള്ള യഥാര്‍ത്ഥ കാരണമെന്ന് പിടി പറഞ്ഞു. നീലക്കുറിഞ്ഞി സാങ്ച്വറി അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിലൂടെ കോടികളുടെ കൈയേറ്റത്തിനാണ് ഒരുങ്ങുന്നതെന്നും അതിന് ചുക്കാന്‍ പിടിക്കുന്നത് എം എം മണിയാണെന്നും പിടി തോമസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക