പിണറായിയെ നിശബ്ദനാക്കിയത് സ്വന്തം പോസ്റ്റര്‍?

വെള്ളി, 22 ഏപ്രില്‍ 2011 (10:55 IST)
PRO
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൃപ്തി പ്രകടിപ്പിച്ച സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിന്നീട് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചു കണ്ടില്ല. തന്റെ ചിത്രവും പോസ്റ്ററില്‍ ഇടം പിടിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടതോടുകൂടിയാണ് പിണറായി മൌനം പാലിക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ജീവിച്ചിരിക്കുന്ന നേതാവിന്റെ ഫോട്ടോ വച്ച് പോസ്റ്ററടിക്കുന്നത് പുതിയ പ്രവണതയാണെന്നും എല്‍ ഡി എഫില്‍ ഈ രീതി ആദ്യമാണെന്നും പിണറായി കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതിനുമുമ്പ് ഒരു കാലത്തും ഇതുണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അത് ചെയ്യുന്നവരോട് തന്നെ ചോദിക്കണമെന്നും പിണറായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കൂട്ടത്തില്‍ വി എസിനെ പരോക്ഷമായി വിമര്‍ശിക്കാനും പിണറായി അന്ന് മടിച്ചില്ല. തെരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നവര്‍ താരങ്ങളാകുന്നത് സാധാരണമാണെന്നും മുന്നണിയുടെ നേതാക്കളായത് കൊണ്ട് മാത്രമാണ് അവര്‍ താ‍രങ്ങളായി മാറുന്നതെന്നുമാണ് പിണറായി പറഞ്ഞത്. എന്നാല്‍ അത് തന്റെ വ്യക്തിമഹത്വമാണെന്ന് ചിലര്‍ കരുതിയാല്‍ അവിടെ കഴിഞ്ഞുവെന്നും പിണറായി പരിഹസിച്ചിരുന്നു.

എന്നാല്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്കൊപ്പം തന്റെ ചിത്രവും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ പിണറായി ഇതെക്കുറിച്ച് മൌനം പാലിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചടിക്കുമെന്ന് അവസ്ഥയായപ്പോള്‍ പിണറായി പ്രതിരോധത്തിലേക്ക് വഴിമാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, പ്രകാശ് കാരാട്ട് എന്നിവരുടെ ചിത്രങ്ങള്‍ പോസ്റ്ററുകളായി വിവിധ ജില്ലകളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക