പാല്‍ വച്ച്, ചകിരി വച്ച് മൂന്നാം ദിവസം തട്ടിപ്പ്; മന്ത്രവാദി പിടിയില്‍

ചൊവ്വ, 9 ഏപ്രില്‍ 2013 (11:18 IST)
PRO
PRO
തട്ടിപ്പ് വീരന്‍ മന്ത്രവാദി പൊലീസ് പിടിയില്‍. കൂത്താട്ടുകുളം മുത്തോലപുരം കുറുക്കന്‍കുന്നേല്‍ മണി എന്നു വിളിക്കുന്ന ബാലസുബ്രഹ്മണ്യം (56) ആണ്‌ പിടിയിലായത്‌. തട്ടിപ്പ് നടത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. കാരയ്ക്കല്‍ ചെറുവള്ളില്‍ ജോസി മാത്യുവിന്റെ വീട്ടില്‍ നിന്ന്‌ നിധി എടുത്തുനല്‍കാമെന്നു വിശ്വസിപ്പിച്ചാണ്‌ 54 ഗ്രാം സ്വര്‍ണവും പതിനായിരം രൂപയും തട്ടിയെടുത്തത്‌.

പാല്‍ വച്ച്, ചകിരി വച്ച് ഏറെ വിചിത്രമായ രീതിയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഒരാഴ്ച മുന്‍പ്‌ ജോസി മാത്യുവിന്റെ വീട്ടിലെത്തിയ ബാലസുബ്രഹ്മണ്യം വീടിനു മുന്‍പില്‍ പ്രത്യേക സ്ഥാനത്ത്‌ ഒരു പാത്രം പാല്‍ വച്ചു. പിറ്റേദിവസം ഇതേ സ്ഥലത്ത്‌ വീട്ടുകാരുടെ മുന്‍പില്‍ ചകിരി വച്ചു. മൂന്നാം ദിവസം ഇവിടെ ഈര്‍ക്കില്‍ വച്ച്‌ കുത്താന്‍ വീട്ടുകാരോട്‌ ആവശ്യപ്പെട്ടു.

പാത്രത്തില്‍ തട്ടുന്ന ശബ്ദം കേട്ടപ്പോള്‍ നിധിയാണെന്നു പറഞ്ഞ്‌ ഒരു പാത്രം കുഴിച്ചെടുത്തു. ഇതില്‍ സ്വര്‍ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇയാള്‍ വീട്ടുകാരുടെ സ്വര്‍ണം കൂടി ഇതിലിട്ടുവയ്ക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച്‌ വീട്ടുകാര്‍ 54 ഗ്രാമിന്റെ സ്വര്‍ണം പാത്രത്തില്‍ വച്ചു. പാത്രം തുറക്കരുതെന്നും തന്റെ പ്രാര്‍ഥന കഴിഞ്ഞ്‌ മാത്രമേ തുറക്കാവൂ എന്നും പറഞ്ഞു.

എന്നാല്‍ നാലു ദിവസം കാത്ത് നിന്നിട്ടും മന്ത്രവാദിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പാത്രം തുറന്ന് നോക്കി. പാത്രത്തില്‍ മണ്ണു മാത്രമാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കി. പൊലീസ്‌ ഇയാളെ ഇന്നലെ വൈകിട്ട്‌ അറസ്റ്റ്‌ ചെയ്‌തു. ചങ്ങനാശേരിയിലെ സ്വകാര്യ ബാങ്കില്‍ പണയം വച്ച സ്വര്‍ണം കണ്ടെടുത്തു.

വെബ്ദുനിയ വായിക്കുക