പാറശാല ആയുര്‍വേദ ആശുപത്രിയുടെ നവീകരണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി എ റ്റി ജോര്‍ജ് എംഎല്‍എ.
പാറശാല ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാറശാല ആയുര്‍വേദ ആശുപത്രിയില്‍ യുനാനി ചികിത്സ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഓട്ടോ അനലൈസര്‍, സെന്റര്‍ ക്യൂസ് തുടങ്ങി എട്ട് ലക്ഷം രൂപയോളം വിലവരുന്ന പരിശോധന ഉപകരണങ്ങളാണ് ആരോഗ്യവകുപ്പ് ലാബില്‍ സജ്ജമാക്കിയിരിക്കുന്നത്.
പേവാര്‍ഡും ജനറല്‍ വാര്‍ഡും ഉള്‍പ്പെടെ 36 രോഗികളെ കിടത്തിചികിത്‌സിക്കാനുളള സൗകര്യങ്ങളും അഞ്ച് ഡോക്ടര്‍മാരും ഉണ്ടെങ്കിലും സ്വന്തമായി ഒരു ലാബ് എന്നത് പാറശാല ആയുര്‍വേദ ആശുപത്രിയുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു.
ദിനംപ്രതി ഒപിയിലെത്തുന്ന നൂറ് കണക്കിന് രോഗികള്‍ സ്വകാര്യലാബുകളെയായിരുന്നു ആശ്രയിച്ചിരുന്നത് എന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ സരോജിനി അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സുന്ദരന്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.