പരിയാരം സര്‍ക്കാര്‍ എറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി

ബുധന്‍, 13 ഫെബ്രുവരി 2013 (16:24 IST)
PRO
PRO
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. പരിയാരം ഭരണ സമിതി പിരിച്ചുവിടാന്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്നായിരുന്നു സഹകരണ വകുപ്പിന്റെ തീരുമാനം‍. മെഡി. കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ ധനകാര്യവകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് നേരത്തെ ഭരണ സമിതി ചെയര്‍മാനും സിപിഐ(എം) നേതാവുമായ എം വി ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒരു തരത്തിലും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നും സി എം പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

പരിയാരം മെഡി. കോളേജ് ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും പഴയ ഭരണ സമിതിക്കു കൈമാറണമെന്നും അല്ലാത്തപക്ഷം മുന്നണി വിടേണ്ടിവരുമെന്നും സിഎംപി നേതാവ് എം വി രാഘവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായത്.

വെബ്ദുനിയ വായിക്കുക