പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

ബുധന്‍, 3 ഏപ്രില്‍ 2013 (16:15 IST)
PRO
PRO
പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനം. മെഡിക്കല്‍ കോളജുകളുടെ ആസ്തി -ബാധ്യതകള്‍ എന്നിവ തിട്ടപ്പെടുത്താനും തീരുമാനിച്ചു. ബാധ്യതയും ആസ്തികളും തിട്ടപ്പെടുത്താനുള്ള ചുമതല അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

സൗദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രി കെ സി ജോസഫ് അധ്യക്ഷനായ നാലംഗ ഉപസമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ഷിബു ബേബി ജോണ്‍, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ് എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍.

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള തീരുമാനം യുഡിഎഫിനുള്ളില്‍ തന്നെ തര്‍ക്കത്തിന് വഴിതെളിച്ചേക്കും. വ്യാജ അംഗത്വങ്ങള്‍ റദ്ദാക്കി സഹകരണ മേഖലയില്‍ തന്നെ മെഡിക്കല്‍ കോളജ് തുടരണമെന്നാണ് സിഎംപിക്കും കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളമുള്ള അഭിപ്രായം. അതേസമയം, മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനെ നേരത്തെ പരിയാരം ഭരണസമിതി അനുകൂലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക