പരിപ്പുവട കൊണ്ട് രാഷ്ട്രീയം പറ്റില്ല!

ശനി, 28 ജനുവരി 2012 (17:18 IST)
വിവാദമായ തന്‍റെ ‘പരിപ്പുവട പ്രസ്താവന’യില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ട്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നാണ് ജയരാജന്‍ പ്രസ്താവിച്ചത്. തന്‍റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു എന്നും ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നവമാധ്യങ്ങളെക്കുറിച്ച് എസ് എഫ് ഐ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ടത് ഇതിന് തെളിവാണ്. സ്ക്വാഡില്‍ അടങ്ങിയ ഉദ്യോഗസ്ഥരെ ഉമ്മന്‍‌ചാണ്ടി സ്ഥലം മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമരംഗത്ത് വന്നിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മുതലാളിമാര്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ ഇത്തരം മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുവജനങ്ങളും വിദ്യാര്‍ഥികളും തയ്യാറാവണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക