പരാതികളുമായി ജനം കെ വി തോമസിന് മുന്നില്‍

ശനി, 29 മാര്‍ച്ച് 2014 (17:06 IST)
PRO
PRO
വൈപ്പിന്‍ കരയിലായിരുന്നു എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി തോമസിന്റെ പര്യടനം. കുടിവെള്ളക്ഷാമം വളരെ രൂക്ഷമായ പ്രദേശങ്ങളാണ്‌ ഇവിടം. മത്സ്യതൊഴിലാളികളാണ്‌ ഈ പ്രദേശങ്ങളില്‍ കൂടുതലായുള്ളത്‌. കടലോര മേഖല സെന്‍സിറ്റീവ്‌ ഏരിയ ആയി പ്രഖ്യാപിച്ചതിനാല്‍ ഇവിടെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ ജനം ശക്തമായ പ്രതിഷേധത്തിലാണ്‌. ഫോര്‍ട്ട്‌ വൈപ്പിനിലെ ഔവര്‍ ലേഡി ഹോപ്‌ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം കനോഷ്യന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും സന്ദര്‍ശിച്ച ശേഷമാണ് തോമസ് മാഷ് വോട്ടര്‍മാരെ കാണാനിറങ്ങിയത്.

രൂക്ഷമായ കുടിവെള്ള പ്രശ്നവും റേഷനരി കിട്ടാത്തതുമായി നൂറുകണക്കിന് പരാതികളാണ് വൈപ്പിന്‍‌കരക്കാര്‍ കെ.വി തോമസിന് മുന്നില്‍ നിരത്തിയത്. സെന്‍‌സിറ്റീവ് ഏരിയ ആയതിനാല്‍ വീടിന്റെ ചെറിയ അറ്റകുറ്റ പണികള്‍ക്കു പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങിക്കേണ്ട ഗതികേടിലാണ്‌ ഇവിടത്തുകാര്‍. പരതികള്‍ കേട്ട കേന്ദ്ര മന്ത്രി മറുപടിയൊന്നും പറയാതെ തടിതപ്പുകയാണുണ്ടായത്. മുളവുകാട്‌ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രചരണത്തിന്‌ ശേഷം വല്ലാര്‍പാടം പള്ളിയിലാണ്‌ പര്യടനം അവസാനിച്ചത്‌.

ഇതിനിടയില്‍ നിയമസാധുതയില്ലാത്ത മറിക്കാശ്‌ ആവശ്യപ്പെട്ടു ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ കയറ്റിറക്ക്‌ തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നു കടല്‍മാര്‍ഗം അരി എത്തിക്കുന്ന പദ്ധതി അവതാളത്തിലാകുന്നത്‌ യുഡിഎഫ്‌ പ്രചരണത്തിന്‌ തിരിച്ചടിയാകുന്നു. കഴിഞ്ഞ 18നാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ 250 കണ്ടെയ്നറുകള്‍ അരിയുമായി കൊച്ചിയില്‍ എത്തിയത്‌. എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ സര്‍ക്കാരിന്റെ നേട്ടമായി തോമസ്‌ പ്രഖ്യപിച്ച അരിയാണ്‌ വല്ലാര്‍പാടത്ത്‌ കെട്ടികിടക്കുന്നത്‌.

45ഓളം കണ്ടെയ്നറുകള്‍ മാത്രമാണ്‌ ഇറക്കാന്‍ സാധിച്ചത്‌. ഇതുകൂടാതെ ആന്ധ്രയിലെ കാക്കിനഡ തുറമുഖത്തു നിന്ന്‌ 6750 ടണ്‍ അരി നിറഞ്ഞ 270 കണ്ടെയ്നറുമായി ഒഇഎല്‍ വിക്ടറി എന്ന കപ്പല്‍ ഇന്നു വല്ലാര്‍പാടത്ത്‌ ബര്‍ത്ത്‌ ചെയ്യും. കാലി കണ്ടെയ്നര്‍ മടക്കി നല്‍കാന്‍ കഴിയാത്തതിനാല്‍ ആരംഭത്തില്‍ തന്നെ ഈ പദ്ധതി പാളി എന്നാണ്‌ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക