പരാജയപ്പെട്ട പരീക്ഷണമാണ് സമ്പൂര്‍ണ മദ്യനിരോധനമെന്നും കേരളം എന്തുകൊണ്ടാണ് ഇതുവീണ്ടും പരീക്ഷിക്കുന്നതെന്നും സുപ്രീംകോടതി. ആവശ്യമായ പഠനം നടത്തിയിട്ടാണോ മദ്യനയം നടപ്പാക്കിയതെന്നും കോടതി ചോദിച്ചു. സമ്പൂര്‍ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സര്‍ക്കാനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചപ്പോഴായിരുന്നു കോടതി ഇങ്ങനെ ചോദിച്ചത്.
ബാറുകളുടെ തരംതിരിവിന്‍റെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുടിക്കുന്ന മദ്യത്തിന്‍റെ വീര്യമല്ല, അളവാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. മദ്യാസക്തി വര്‍ദ്ധിച്ചതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത് ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല - സുപ്രീംകോടതി പറഞ്ഞു.
അതേസമയം, മദ്യനയം നടപ്പാക്കാനായില്ലെങ്കില്‍ ബാര്‍ ലൈസന്‍സ് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്യ ഉപഭോഗം കുറയുന്നില്ല എന്നുകണ്ടാല്‍ ഫൈവ് സ്റ്റാര്‍ ബാറുകളും പൂട്ടും. മദ്യം ഇല്ലാത്തതുമൂലം ടൂറിസം രംഗത്തുണ്ടാകുന്ന നഷ്ടം സഹിക്കാന്‍ തയ്യാറാണ്. ടൂറിസം രംഗത്തെ മുന്നേറ്റത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം - സര്‍ക്കാര്‍ വ്യക്തമാക്കി.