പരാജയകാരണം സര്‍ക്കാരിന്‍റെ മോശം പ്രതിച്ഛായ: സെക്രട്ടേറിയേറ്റ്
വെള്ളി, 29 ഒക്‌ടോബര്‍ 2010 (09:40 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്ക് നടന്ന് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി ഏല്‍ക്കാന്‍ കാരണം സര്‍ക്കാരിന്‍റെ മോശം പ്രതിച്ഛായയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്. തിരുവനന്തപുരത്ത് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടാക്കാനായിട്ടില്ല. കൂടാതെ, ലോട്ടറി പ്രശ്നത്തില്‍ മുഖ്യമന്ത്രി നടത്തിയ ചില പ്രസ്‌താവനകള്‍ യു ഡി എഫിന് ഗുണകരമായെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി. ചുരുക്കത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലായിരുന്നു പരാജയ വിലയിരുത്തല്‍.
സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള പാവപ്പെട്ടവരിലേക്ക് മാത്രമേ എത്തിയുള്ളൂ. അത് തന്നെ പൂര്‍ണവിജയമായില്ല. അതേസമയം, സമൂഹത്തിലെ ഇടത്തരക്കാരെ തൃപ്‌തിപ്പെടുത്തുന്ന ഒന്നും സര്‍ക്കാരില്‍ നിന്നോ മുന്നണിയില്‍ നിന്നോ ഉണ്ടായില്ല. കൂടാതെ വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യോഗം വിലയിരുത്തി. ജാതിമതധ്രൂവീകരണം ഇടതുമുന്നണിക്ക് മുഴുവനായും എതിരായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
തോല്‍വിക്കുള്ള കാരണങ്ങളെക്കുറിച്ച് വിശദമായി പിന്നീട് പഠിക്കും. ലോട്ടറി പ്രശ്നത്തില്‍ ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതിഛായ കൂടുതല്‍ മോശമാക്കുകയാണ് ചെയ്തതെന്നും പാര്‍ട്ടി വിലയിരുത്തി.