പന്ന്യന്‍ നിലപാട് മാറ്റി; ‘സര്‍ക്കാരിനെ താഴെയിറക്കല്‍ അജണ്ടയിലില്ല’
ചൊവ്വ, 16 ജൂലൈ 2013 (13:35 IST)
PRO
PRO
യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കല്‍ അജണ്ടയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇപ്പോള്‍ ഭരണ മാറ്റത്തിനുള്ള സാഹചര്യമില്ല. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിനെതിരായ സമരം തുടരും. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്നും പന്ന്യന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പന്ന്യന്‍ നിലപാട് തിരുത്തിയത്.
ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദം കെ എം മാണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. മാണിയോട് തൊട്ടുകൂടായ്മയില്ല. യുഡിഎഫിനെ താങ്ങിനിര്‍ത്തേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്നും പന്ന്യന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ എകെജി സെന്‍ററിലെത്തി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പന്ന്യന്‍ നിലപാട് മാറ്റിയത്. അതേസമയം യുഡിഎഫിനെ താഴെയിറക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ സ്ഥിരീകരിച്ചു. കെ എം മാണിയോട് അയിത്തം ഇല്ല. മാണി നിലപാട് വ്യക്തമാക്കിയാല്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ബദല്‍ സര്‍ക്കാരിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സോളാര്‍ വിവാദത്തിനിടെ കോടിയേരി ബാലകൃഷ്ണനാണ് മാണിയുടെ പേര് ആദ്യം മുന്നോട്ട് വെച്ചത്. ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കണം. പകരം യുഡിഎഫിലെ എത്രയോ നേതാക്കളുണ്ട്. മാണി സാറിനെ പരിഗണിച്ചുകൂടേയെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. പിന്നാലെ പ്രതികരണവുമായി പി സി ജോര്‍ജ് രംഗത്തു വന്നു. മുഖ്യമന്ത്രിയാകാന്‍ മാണി സാര്‍ യോഗ്യനാണെന്നും കേരള കോണ്‍ഗ്രസ് അത് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.
ഭരണത്തിലുള്ളവര്‍ പോലും ഭരണമാറ്റം ആഗ്രഹിക്കുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അതേ സമയം മാണിയെ സിപിഎം പിന്തുണയ്ക്കുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. മാണിയുടെ മുഖ്യമന്ത്രി പദം സംബന്ധിച്ച ചര്‍ച്ചകള്‍ മാധ്യമസൃഷ്ടിയാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാണെന്ന അഭ്യൂഹത്തിനിടെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്.