പദ്ധതിവിഹിതം കുറയ്ക്കുന്നത് ശരിയല്ല - എം.എ ബേബി

ശനി, 1 മാര്‍ച്ച് 2008 (14:30 IST)
KBJWD
വിദ്യാഭ്യാസ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള വിഹിതം വെട്ടിക്കുറയ്‌ക്കുന്നത്‌ ശരിയല്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പണം അനുവദിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പി.എന്‍ പണിക്കര്‍ ജന്മശതാബ്ധി ആഘോഷപരിപാടി ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എ ബേബി. വിദ്യാഭ്യാസ രംഗത്ത്‌ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച സംസ്‌ഥാനമാണ് കേരളം.

അതിനാലാണ് അര്‍ഹതപ്പെട്ട പരിഗണന കേരളത്തിന് ലഭിക്കാത്തത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് പലപ്പോഴും കേന്ദ്ര പദ്ധതികള്‍ നല്‍കുന്നത്. ഇങ്ങനെ നല്‍കരുതെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങള്‍ പിന്നോട്ടാവാതിരിക്കാന്‍ കുറച്ച് സഹായമെങ്കിലും അവര്‍ക്ക് നല്‍കണം.

പതിനൊന്നാം പദ്ധതിയില്‍ മുമ്പെങ്ങുമില്ലാതെ പരിഗണന വിദ്യാഭ്യാസ മേഖലയ്‌ക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പി.എന്‍ പണിക്കര്‍ ജന്മദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരെയും തൊഴിലാളികളെയും കമ്പ്യൂട്ടര്‍ പഠിപ്പിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി, ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാല്‍, ഇഗ്നോ വൈസ്ചാന്‍സലര്‍ ഡോ. വി.എന്‍ രാജശേഖരന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വെബ്ദുനിയ വായിക്കുക