പത്മജ എന്‍റെ പിന്‍ഗാമിയല്ല: കരുണാകരന്‍

തിങ്കള്‍, 26 ഏപ്രില്‍ 2010 (17:40 IST)
PRO
പത്മജയെ തന്‍റെ പിന്‍ ഗാമിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

രണ്ടു മക്കളും തനിക്ക് ഒരുപോലെയാണ്. മുരളിയെ തരം താഴ്ത്തി ഒരു മുന്നോട്ടു പോകല്‍ തനിക്ക് കഴിയില്ല. ഇപ്പോള്‍ തനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടെന്ന് കരുതുന്നില്ല. പത്മജയെ താന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മജയെ പിന്‍ഗാമിയായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പത്മജയെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഗ്രുപ്പു യോഗങ്ങള്‍ നടന്നതായി കേട്ടു. എന്നാല്‍ അത്തരം യോഗങ്ങള്‍ എവിടെ നടന്നെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മജയെ കരുണാകരന്‍റെ പിന്‍‌ഗാമിയാക്കാന്‍ ഐ ഗ്രൂപ്പില്‍ നീക്ക് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് എതിരെ മുരളീധരന്‍ പരസ്യമായി രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിനും ഐ ഗ്രൂപ്പിനും നേതൃത്വം നല്‍കാനുള്ള ആരോഗ്യം കരുണാകരന്‌ ഇപ്പോഴുമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

വെബ്ദുനിയ വായിക്കുക