പണിമുടക്ക്: സ്തംഭിപ്പിക്കുമെന്ന് ഇടതുപക്ഷം, കരുതലോടെ സര്‍ക്കാര്‍

ചൊവ്വ, 19 ഫെബ്രുവരി 2013 (12:09 IST)
PRO
PRO
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍, പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍‌കരുതലുകള്‍ സ്വീകരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷാ ചുമതല ഇതിനോടകം പൊലീസിനെ ഏല്‍പ്പിച്ചു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഡയസ് നോണ്‍ പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ അവധി നല്‍കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ജീവനക്കാരന്റെയോ അടുത്ത ബന്ധുക്കളുടെയോ അസുഖം, പ്രസവം, പരീക്ഷ തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കു മാത്രമേ അവധി നല്‍കൂ. സംശയമുള്ള കേസുകളില്‍ ജീവനക്കാരനെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ പരിശോധനയ്ക്ക് വിളിക്കും.

ഓഫീസ് മേധാവി സമരത്തിലാണെങ്കില്‍ ആ വിവരം ജില്ലാതല ഓഫീസറെ നേരത്തെ അറിയിക്കണം. ഓഫീസ് തുറക്കാനുള്ള ക്രമീകരണം അദ്ദേഹമുണ്ടാക്കും ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ 20,21 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കേരള സര്‍വകലാശാല അറിയിച്ചു. 26 ന്‌ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്‌.

പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കുമെന്ന്‌ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. എംജി സര്‍വകലാശാലയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്‌.

അതേസമയം, കേരളത്തിലെ പണിമുടക്ക് ശക്തമായിരിക്കുമെന്ന് എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക