പണം എണ്ണല്‍: കര്‍ശന നടപടി എടുക്കും

വെള്ളി, 30 മെയ് 2008 (15:01 IST)
ശബരിമലയില്‍ അടി വസ്ത്രം ഇല്ലാതെ പൈസ എണ്ണുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തിരുവിതാംകൂറ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സി.കെ ഗുപ്തന്‍ അറിയിച്ചു.

കഴിഞ്ഞ 59 വര്‍ഷമായി ശബരിമലയില്‍ പണമെണ്ണുമ്പോള്‍ എണ്ണാനിരിക്കുന്ന ജീവനക്കാരെ അടിവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന കാര്യം ഈയിടെയാണ് ദേവസ്വം ബോര്‍ഡ് അറിഞ്ഞതെന്ന് സി.കെ ഗുപ്തന്‍ പറഞ്ഞു. മാസത്തില്‍ അഞ്ച് ദിവസമാണ് ഭക്തരുടെ നിക്ഷേപം ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എണ്ണാറുള്ളത്.

വര്‍ഷങ്ങളായി തുടരുന്ന ഈ പ്രാകൃത സമ്പ്രദായം ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ തുടരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരുടെയെങ്കിലും ഉത്തരവ് അനുസരിച്ചാണ് ഇത് നടക്കുന്നതെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സി.കെ ഗുപ്തന്‍ അറിയിച്ചു. ഈ പ്രാകൃത നിയമം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഷണം തടയാന്‍ സ്കാനിംഗ് അടക്കമുള്ള ആധുനിക സംവിധാനം ഉണ്ടെന്നിരിക്കെ ഈ പ്രാകൃത നടപടി തുടരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജീവനക്കാരും നേരത്തെ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക