പച്ചത്തേങ്ങ-കൊപ്ര സംഭരണം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: കെ പി മോഹനന്‍
ബുധന്‍, 22 മെയ് 2013 (17:04 IST)
PRO
PRO
സംസ്ഥാന കൃഷിവകുപ്പ് കേരഫെഡ് മുഖേന നടപ്പിലാക്കി വരുന്ന പച്ചത്തേങ്ങ സംഭരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പ് മന്ത്രി കെപി മോഹനന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
മൊത്തം 600 കൃഷിഭവനുകള്‍ക്ക് ആവശ്യമുള്ള പ്രവര്‍ത്തനമൂലധനമായ 12 കോടി രൂപ കേരഫെഡിന് കൈമാറ്റം ചെയ്തുകഴിഞ്ഞു. 14 ഡ്രയര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരുന്നു. ഈ മാസം അവസാനത്തോടെ മുഴുവന്‍ ഡ്രയര്‍ യൂണിറ്റുകളുടേയും പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയും.
കൃഷിവകുപ്പ് മുഖേന സംഭരിക്കുന്ന പച്ചത്തേങ്ങ നാഫെഡ് നിശ്ചയിച്ചതിനേക്കാള്‍ രണ്ടുരൂപ അധികം നല്‍കിയാണ് കേരഫെഡ് ഇപ്പോള്‍ സംഭരിക്കുന്നത്. ഇത് പ്രകാരം കിലോയ്ക്ക് 16 രൂപ നിരക്കില്‍തന്നെ പച്ചത്തേങ്ങ സംഭരണം തുടരുമെന്ന് കൃഷിവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. ഇതില്‍ കേരഫെഡിന് നഷ്ടം സംഭവിച്ചാല്‍ അത് സര്‍ക്കാര്‍ നല്‍കും. ഇപ്രകാരം ഉത്പാദിപ്പിക്കുന്ന കൊപ്ര നാഫെഡിന് കൈമാറുവാനുള്ള അനുവാദത്തിനുവേണ്ടി സംസ്ഥാന അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കേന്ദ്ര ഗവണ്‍മെന്റിനും, നാഫെഡ് അധികൃതര്‍ക്കും കത്തു നല്‍കിക്കഴിഞ്ഞു.
നാഫെഡിന് കൊപ്ര കൈമാറ്റം ചെയ്യുന്നതോടൊപ്പംതന്നെ കേരഫെഡിന്റെ ആഭ്യന്തര വിപണിക്കാവശ്യമായ 30000 ടണ്‍ കൊപ്ര (480 കോടി രൂപയുടെ കൊപ്ര) കേരഫെഡ്, കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കും. കൂടാതെ ഉപോത്പന്നങ്ങളായ കോക്കനട്ട് പൗഡര്‍, കോക്കനട്ട് മില്‍ക്ക്, ഡെസികേറ്റഡ് കോക്കനട്ട് പൗഡര്‍, കോക്കനട്ട് ക്രീം മുതലായവ വ്യവസായികാടിസ്ഥാനത്തില്‍ ഈ മാസത്തില്‍തന്നെ വിപണിയിലിറങ്ങും. അതോടുകൂടി പച്ചത്തേങ്ങ സംഭരണവും സംസ്‌കരണവും പൂര്‍വാധികം ശക്തിയാര്‍ജിക്കും-മന്ത്രി പറഞ്ഞു. ജനുവരി ഒന്ന് മുതല്‍ മെയ് 15 വരെ 20000 ടണ്‍ (32 കോടി രൂപയുടെ) പച്ചത്തേങ്ങ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചുകഴിഞ്ഞു. ഈ വര്‍ഷം 50000 ടണ്‍ (80 കോടി രൂപയുടെ) പച്ചത്തേങ്ങയും 50000 ടണ്‍ (262 കോടി രൂപയുടെ) കൊപ്രയും കൃഷിഭവന്‍ / സഹകരണ സംഘങ്ങള്‍ മുഖേന സംഭരിക്കും.
പദ്ധതി വിഭാവനം ചെയ്തിട്ടുള്ള ഓരോ ജില്ലയിലുമുള്ള താത്പര്യമുള്ള സംഘങ്ങളെ തെരഞ്ഞെടുക്കുവാനുള്ള സന്ദേശം ജില്ലാ മോണിറ്ററിങ് കമ്മിറ്റികള്‍ക്ക് നല്‍കിക്കഴിഞ്ഞു. കൃഷിഭവന്റെ കാര്‍ഡ് നല്‍കുന്നവരില്‍ നിന്നു മാത്രമേ പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുകയുള്ളൂ. തേങ്ങയും കൊപ്രയും നല്‍കുന്ന ദിവസംതന്നെ ചെക്കായി കര്‍ഷകന് പണം നല്‍കും.