ന്യൂനപക്ഷങ്ങളെ എതിരാക്കിയത് പരാജയകാരണം: ഘടകകക്ഷികള്‍

വെള്ളി, 29 ഒക്‌ടോബര്‍ 2010 (16:42 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയകാരണം വിലയിരുത്താന്‍ ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ ചേര്‍ന്ന യോഗങ്ങളില്‍ സി പി എമ്മിനെതിരെ രൂക്ഷവിമര്‍ശനം. സി പി എം ന്യൂനപക്ഷങ്ങളെ എതിരാക്കിയതാണ് പരാജയത്തിന് കാരണമെന്നാണ് സിപിഐയും ആര്‍എസ്പിയും ആരോപിക്കുന്നത്. മുന്നണിയിലെ വലിയ കക്ഷിക്കെതിരെ കടുത്ത ആരോപണമാണ് സി പി ഐയും ആര്‍ എസ് പിയും ഉന്നയിക്കുന്നത്.

ക്രൈസ്തവസഭയുമായുള്ള ഏറ്റുമുട്ടല്‍ അനാവശ്യമായിരുന്നുവെന്ന് സിപിഐ യോഗത്തില്‍ ഭൂരിഭാഗം സഭയേയും സഭാ പുരോഹിതരെയും എതിര്‍ത്തത്‌ തെറ്റായി പോയെന്നും സിപിഐ യോഗം അഭിപ്രായപ്പെട്ടു. നേതാക്കളും അഭിപ്രായപ്പെട്ടു. സഭയ്ക്കും പുരോഹിതര്‍ക്കും എതിരെയുള്ള സി പി എം നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചെന്നും യോഗം വിലയിരുത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിലും ഇടതുമുന്നണി ദുര്‍ബലമായിരുന്നു. സി പി എം ഏകപക്ഷീയമായ രീതിയിലാണ്‌ മുന്നോട്ടുപോയത്‌. സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. വെളിയം ഉള്‍പ്പെടെയുള്ള പല നേതാക്കളും പ്രചാരണ രംഗത്ത്‌ സജീവമല്ലായിരുന്നെന്നും യോഗം കുറ്റപ്പെടുത്തി.

സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ആര്‍ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉയര്‍ന്നത്‌. കത്തോലിക്കാ സഭയുമായുള്ള തെറ്റിദ്ധാരണ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക്‌ കാരണമായി. കത്തോലിക്കാ സഭയുമായുള്ള ഭിന്നത നീക്കാനാകാത്തത്‌ വന്‍ തിരിച്ചടിയായെന്നും ആര്‍എസ്പി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം വിലയിരുത്താനായിരുന്നു ഇടതുപാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്‌. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ വ്യാഴാഴ്ച ചേര്‍ന്ന്‌ ഫലങ്ങള്‍ പ്രാഥമികമായി വിലയിരുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക