നിയമസഭാ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസില്‍ അഴിച്ചുപണി; സരിതയെ ഫോണില്‍ വിളിച്ച മന്ത്രിമാരുടെ കാര്യം അന്വേഷിക്കണമെന്ന് കെ മുരളീധരന്‍

ശനി, 6 ജൂലൈ 2013 (16:13 IST)
PRO
PRO
നിയമസഭാ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. സോളാര്‍ തട്ടിപ്പിന്റെ കേസന്വേഷണഘട്ടത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റുന്നത് ശരിയല്ല. സരിതയെ ഫോണില്‍ വിളിച്ച മന്ത്രിമാരുടെ കാര്യത്തില്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. രാത്രി 12 മണിക്ക് ഉള്ള ഫോണ്‍വിളികള്‍ ഭാഗവതം വായിക്കാനോ കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനോ ആണെന്ന് കരുതാനാവില്ലെന്നും മുരളി പരിഹസിച്ചു.

ശാലു മേനോന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിന് ഗുരുതരവീഴ്ചയാണുണ്ടായത്. മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നത് പോലെയാണ് ശാലുമേനോന്റെ കൂടെ പോലീസ് പോയതെന്നും മുരളീധരന്‍ ആരോപിച്ചു.

ഇതിനിടെ സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന് പരിഗണ നല്‍കിയത് അന്വേഷിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയതും സരിതയുമായി ഉന്നതര്‍ നടത്തിയ ഫോണ്‍വിളിയും അന്വേഷണവിഷയമാക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. ഇതേസമയം മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ ഇപ്പോഴില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. പി.സി.ജോര്‍ജ് കുറച്ചുകൂടി സംയമനം പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക