നിഖില്‍കുമാര്‍ കേരളാ ഗവര്‍ണറായി ചുമതലയേല്‍ക്കും

ശനി, 9 മാര്‍ച്ച് 2013 (12:35 IST)
PRO
PRO
നാഗാലാന്‍ഡ് ഗവര്‍ണര്‍ നിഖില്‍കുമാര്‍ കേരളാ ഗവര്‍ണറായി ചുമതലയേല്‍ക്കും. നിലവില്‍ കര്‍ണാടക ഗവര്‍ണര്‍ എച്ച്‌ ആര്‍ ഭരദ്വാജിനാണ് കേരളത്തിന്റെ അധികച്ചുമതല. കേരള ഗവര്‍ണറായിരുന്ന എം ഒ എച്ച്‌ ഫാറൂഖ്‌ അന്തരിച്ചശേഷം കേരളത്തിന് ഗവര്‍ണറെ നിയമിച്ചിരുന്നില്ല.

ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സത്യേന്ദ്രനാരായണ്‍ സിന്‍ഹയുടെയും മുന്‍ എംപി കിശോരി സിന്‍ഹയുടെയും മകനാണ്‌ 72 വയസ്സുള്ള നിഖില്‍കുമാര്‍. 2009 ഒക്ടോബര്‍ 15നാണ് നാഗാലാന്‍ഡ് ഗവര്‍ണറായി ചുമതലയേറ്റത്. ഔറംഗാബാദില്‍നിന്ന് ലോക്സഭാംഗമായിരുന്നു. ഭാര്യ ശ്യാമ സിന്‍ഹയും ഇതേ മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു.

1941 ജൂലൈ 15ന് ജനിച്ച നിഖില്‍കുമാര്‍ 1963ല്‍ ഐപിഎസ് നേടി. ദീര്‍ഘകാലത്തെ സേവനത്തിനിടയില്‍ ഡല്‍ഹി പൊലീസ് കമീഷണര്‍, അതിര്‍ത്തിരക്ഷാ സേനാ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര സുരക്ഷാ പ്രത്യേക സെക്രട്ടറി, ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസ് ഡയറക്ടര്‍ ജനറല്‍, ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം, എന്‍എസ്ജി മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചു.

1978ലും 1985ലും രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ലഭിച്ചു. കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ രാഷ്ട്രപതി രൂപീകരിച്ച ഗവര്‍ണര്‍മാരുടെ സമിതിയില്‍ അംഗമായിരുന്നു. പ്രശസ്തമായ നീലചക്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക