നാവിക അക്കാദമി ഉദ്ഘാടനം എട്ടിന്

തിങ്കള്‍, 5 ജനുവരി 2009 (17:15 IST)
ഏഴിമല നാവിക അക്കാദമി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ജനുവരി എട്ടിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അക്കാദമി ഉദ്ഘാടനം ചെയ്യും.

ചടങ്ങിന് മുന്നോടിയായി നാവികസേന മേധാവി അഡ്മിറല്‍ സുരീഷ് മേത്ത വെള്ളിയാഴ്ച എത്തി. ഉദ്ഘാടനത്തിന്നായി എട്ടിന് ഉച്ചയ്ക്ക് 01.15 ന് ഏഴിമലയില്‍ എത്തുന്ന പ്രധാനമന്ത്രി ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് നാല് മണിയോടെ മടങ്ങും.

അത്യാധുനിക പരിശീലന സംവിധാനങ്ങളുമായിട്ടാണ് അക്കാദമി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. ആദ്യബാച്ചിന്‍റെ പരിശീലനം ജൂണില്‍ ആരംഭിക്കും. 750 കേഡറ്റുകള്‍ക്കാണ് ആദ്യബാച്ചില്‍ പ്രവേശനം നല്കുക.

കേഡറ്റുകളെ ബി. ടെക് എഞ്ചിനീയറിംഗ് ബിരുദധാരികളാക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഇവിടെ നടക്കുക. ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളിലെ കേഡറ്റുകള്‍ക്കും ഇവിടെ പരിശീലനം ലഭ്യമാക്കുമെന്ന് സ്‌റ്റാഫ് അഡ്‌മിറല്‍ സുരേഷ് മേത്ത പറഞ്ഞു. എന്നാല്‍ ഇവര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തിലെ ആരംഭിക്കുകയുള്ളു. കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ക്കാണ് ഇന്ത്യന്‍ കേഡറ്റുകള്‍ക്കൊപ്പം പരിശീലനം നല്‍കുക.

ഗോവയിലാണ് ഇപ്പോള്‍ നാവിക അക്കാദമി പ്രവര്‍ത്തിക്കുന്നത്. മെയ് മാസത്തോടെ ഗോവയിലുള്ള മുഴുവന്‍ കേഡറ്റുകളും സംവിധാനങ്ങളും ഏഴിമലയില്‍ എത്തുമെന്ന് നാവിക സേനാ മേധാവി അഡ്‌മിറല്‍ സുരീഷ് മേത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക