നടിക്കെതിരായ അക്രമം: ദിലീപും നാദിര്‍ഷയും പൊലീസ് ക്ലബ്ബില്‍, മൊഴിയെടുക്കല്‍ തുടരുന്നു
ബുധന്‍, 28 ജൂണ്‍ 2017 (12:50 IST)
കൊച്ചിയില്‍ പ്രമുഖ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടന്‍ ദിലീപിന്റെ മൊഴിയെടുക്കുന്നു. മൊഴി നല്‍കുന്നതിനായി ദിലീപിന്റെ അടുത്ത കൂട്ടുകാരനും സംവിധായകന്‍ നാദിര്‍ഷായും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. മൊഴിയെടുക്കല്‍ തുടരുകയാണ്.
മാധ്യമ വിചാരണയ്ക്ക് തനിക്ക് നേരമില്ലെന്നും പറയാനുള്ളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞുകൊള്ളാമെന്നും ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് പോലീസ് ദിലീപിന്റെ മൊഴിയെടുക്കുകയെന്നാണ് വിവരം. നടിയെ ആക്രമിച്ച സംഭവം സംബന്ധിച്ചും പോലീസ് ദിലീപിനോട് ചോദിക്കുമെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
താരസംഘടനയായ അമ്മയുടെ നേതൃയോഗങ്ങൾ ഇന്ന് കൊച്ചിയിൽ ആരംഭിക്കാനിരിക്കെ ആണ് ദിലീപ് മൊഴി നല്‍കാനായി പൊലീസ് ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയിൽ ആയിരിക്കും യോഗം നടക്കുക. പുതിയ സാഹചര്യത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം തന്നെയായിരിക്കും യോഗത്തിന്റെ പ്രധാന ചർച്ച വിഷയമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.