ദേശീയ പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്; ബാറുടമകള്‍ക്ക് സഹായകരമായത് ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനം

ബുധന്‍, 31 മെയ് 2017 (11:13 IST)
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള 173 കിലോമീറ്റർ ദൈർഘ്യമുള്ള റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളാണ് ഇതോടെ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാറുടമകൾക്ക് അനുകൂലമായ വിധി ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
 
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമയത്ത് ഈ റോഡിന്റെ വശത്തെ ബാറുകളും ബീയര്‍, വൈന്‍ പാര്‍ലറുകളും അടപ്പിച്ചിരുന്നു. ഈ നടപടി നീതിപൂര്‍വകമല്ലെന്ന ബാറുടമകളുടെ വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. ഈപാതയുടെ ഓരങ്ങളിലെ സ്ഥാപനങ്ങളില്‍ നിലവില്‍ മദ്യവില്‍പനയ്ക്കു ലൈസന്‍സ് ഉള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ അപേക്ഷ നല്‍കിയാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി എക്‌സൈസിന് നിര്‍ദേശം നല്‍കി.
 
2014ലായിരുന്നു ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുകളഞ്ഞത്. ആ പഴുതായിരുന്നു ബാറുടമകള്‍ കോടതിയില്‍ ഉപയോഗപ്പെടുത്തിയതും. ഹൈക്കോടതി ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തില്‍ മാഹിയില്‍ പൂട്ടിയ മദ്യശാലകളെല്ലാം ഇന്നും നാളെയുമായി തുറക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകള്‍ തുറക്കുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ഹൈക്കോടതി വിധി നടപ്പാക്കിയെ പറ്റുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക