ദിലീപിനെ പൊളിച്ചടുക്കിയത് മോഹന്‍ലാല്‍, വിതരണക്കാരുടെ സംഘടനയില്‍ നിന്ന് ദിലീപിനെ തുരത്തിയത് ആന്‍റണി പെരുമ്പാവൂര്‍

Webdunia
ചൊവ്വ, 11 ജൂലൈ 2017 (15:33 IST)
താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് ദിലീപിന് പുറത്തേക്കുള്ള വഴി തെളിച്ചത് മോഹന്‍ലാലിന്‍റെ കര്‍ശന നിലപാട്. ദിലീപിനെ പുറത്താക്കണമെന്ന നിലപാടില്‍ മോഹന്‍ലാലും പൃഥ്വിരാജും ഉറച്ചുനിന്നപ്പോള്‍ മറ്റ് താരങ്ങളും ഈ നിലപാടിനെ പിന്തുണച്ചു. മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ഭൂരിപക്ഷം താരങ്ങളും രംഗത്തെത്തിയതോടെ ‘അമ്മ മകനെ കൈവിട്ടു’.
 
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കൂടാതെ രമ്യാ നമ്പീശനും ആസിഫ് അലിയും ദിലീപിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. പുറത്താക്കല്‍ അല്ലാതെ മറ്റൊരു തീരുമാനം ഉണ്ടായാല്‍ സംഘടന വിട്ടുപുറത്തുവരാന്‍ പൃഥ്വിരാജ് ആലോചിച്ചു. ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഇടതുഭാഗത്ത് മോഹന്‍ലാലും വലതുഭാഗത്ത് പൃഥ്വിരാജും നിന്നു.
 
അതേസമയം, ലിബര്‍ട്ടി ബഷീറിന്‍റെ എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ത്ത് ദിലീപ് രൂപം കൊടുത്ത വിതരണക്കാരുടെ കൂട്ടായ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി. നിര്‍മ്മാതാവിന്‍റെ ആന്‍റണി പെരുമ്പാവൂരിന്‍റെ നീക്കങ്ങളാണ് ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ ഓഫ് കേരളയില്‍ നിന്ന് ദിലീപ് പെട്ടെന്ന് പുറത്താകാനുള്ള കാരണം.
 
മറ്റൊരു പ്രധാനപ്പെട്ട വിവരം, ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്നസെന്‍റ് ഒഴിയുമെന്ന് ഉറപ്പായി. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമെത്തും. ബാലചന്ദ്രമേനോന്‍, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍ തുടങ്ങിയവരില്‍ ആരെങ്കിലും പ്രസിഡന്‍റായേക്കുമെന്നാണ് സൂചന.
Next Article