തോമസിനെതിരെ കേസ് ഉണ്ടായിരുന്നതായി അറിയില്ലെന്ന് സര്‍ക്കാര്‍

വ്യാഴം, 27 ജനുവരി 2011 (16:41 IST)
കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ആയി നിയമിക്കുമ്പോള്‍ പി ജെ തോമസിനെതിരെ ക്രിമിനല്‍ കേസ് ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആണ് കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്. പാമോലിന്‍ കേസില്‍ പി ജെ തോമസിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്കിയ കാര്യം അറിയില്ലായിരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്‌ പാനല്‍ ഉണ്ടാക്കിയത്‌ എന്ത് അടിസ്ഥാനത്തിലാണെന്ന്‌ ഇന്ന് വാദം കേള്‍ക്കവെ കേന്ദ്രസര്‍ക്കാരിനോട്‌ സുപ്രീംകോടതി ആരാഞ്ഞിരുന്നു. പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി ഈ പരാമര്‍ശം നടത്തിയത്‌. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാതെ കേസിന്‍റെ വിശദാംശങ്ങളിലേക്ക്‌ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. കേസില്‍ വാദം തുടരുകയാണ്.

പി ജെ തോമസിനെ കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ ആക്കിയതിനെതിരെ ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പബ്ലിക്‌ ഇന്‍ററസ്റ്റ്‌ ലിറ്റിഗേഷനും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ എം ലിങ്‌ദോയുമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. സത്യസന്ധതയുള്ളവരായിരിക്കണം വിജിലന്‍സ് കമ്മീഷണര്‍ ആയി നിയമിക്കപ്പെടേണ്ടതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ചീഫ്‌ ജസ്റ്റിസ്‌ എസ് എച്ച്‌ കപാഡിയ അധ്യക്ഷനായ മൂന്നംഗബഞ്ചാണ്‌ കേസില്‍ വിധി പറയുക. പാമോലിന്‍ കേസില്‍ പ്രതിയായ പി ജെ തോമസിന്‌ കേന്ദ്രവിജിലന്‍സ്‌ കമ്മീഷണറായി ഇരിക്കാനുള്ള യോഗ്യത ഇല്ലായെന്ന വാദമാണ്‌ ഹര്‍ജിക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്‌.

വെബ്ദുനിയ വായിക്കുക