തെറ്റയില്‍ വിവാദം: ഇടതുമുന്നണിക്ക് ഇരട്ടത്താപ്പില്ലെന്നും കേസില്‍ അന്വേഷണം നടക്കട്ടെയെന്നും വൈക്കം വിശ്വന്‍
ചൊവ്വ, 25 ജൂണ്‍ 2013 (16:31 IST)
PRO
ജോസ് തെറ്റയിലിനു നേരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച് ഇടതു മുന്നണിക്ക് ഇരട്ടത്താപ്പില്ലെന്നും എംഎല്‍എയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ അന്വേഷണം നടക്കട്ടെയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ എംഎല്‍എ ആയാലും എല്‍ഡിഎഫിന്റെ എംഎല്‍എ ആയാലും ഇടതുമുന്നണിയുടെ നിലപാട് ഒന്നുതന്നെയാണ്. തെറ്റയിലിനെതിരായ ആരോപണത്തെ കുറിച്ച് മുന്നണി ചര്‍ച്ച ചെയ്തില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
ജനതാദള്‍(എസ്) വിഷയം മുന്നണി യോഗത്തില്‍ ഉന്നയിച്ചതുമില്ല. തെറ്റയിലിനെതിരായി പെണ്‍കുട്ടി പരാതി നല്‍കിയതിനെ കുറിച്ചു അറിയില്ല. പെട്ടെന്ന് ഉയര്‍ന്ന ഒരു വിഷയമായതിനാല്‍ വിശദാംശങ്ങള്‍ അറിയാതെ പ്രതികരിക്കാനാവില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.