തൃക്കുന്നത്ത് സെമിനാരി: ചര്‍ച്ച പരാജയം

ബുധന്‍, 14 ജനുവരി 2009 (17:51 IST)
WD
തൃക്കുന്നത്തു സെമിനാരി പ്രശ്നത്തില്‍ ഓര്‍ത്തഡോക്സ്‌, യാക്കോബായ സഭാ പ്രതിനിധികളുമായി‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഈ മാസം നടക്കേണ്ട തിരുനാളിന്നായി സെമിനാരി പള്ളി തുറന്നു തരണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ചര്‍ച്ച. വിശ്വാസികള്‍ക്കു പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കാമെന്നും, വൈദികര്‍ക്കു പ്രവേശനം നല്‍കുന്നതിനെ കുറിച്ച് മറുപടി പറയാന്‍ സാവകാശം നല്‍കണമെന്നുമാണു ഓര്‍ത്തഡോക്സ്‌ സഭാ നിലപാട്‌.

ശ്രേഷ്ഠ ബസേലിയസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ സെമിനാരി കവാടത്തിലെ മാര്‍ അത്തനാസ്യോസ്‌ സ്റ്റഡി സെന്ററില്‍ 18 മുതല്‍ താല്‍ക്കാലിക താമസത്തിനു തീരുമാനിച്ചതു സംഘര്‍ഷം സൃഷ്ടിക്കുമെന്നു സര്‍ക്കാരിനു വിവരം ലഭിച്ചിട്ടുണ്ട്‌. കോടതി നിരോധിച്ചവര്‍ പള്ളിയില്‍ പ്രവേശിക്കുന്നതു തടയുമെന്ന നിലപാടിലാണ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗം. എന്നാല്‍,സമാധാന അന്തരീക്ഷം തര്‍ക്കരുതെന്നു ഇരുകൂട്ടരോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇനി സഭാ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യാക്കോബായ ഭാഗത്തു നി ന്നും എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, സഭാ സെക്രട്ടറി തമ്പു ജോസ്‌‍, സെമിനാരി മാനേജര്‍ ഫാ വര്‍ഗീസ്‌ തെക്കേക്കര, അഡ്വ ജെയ്ബി പോള്‍ എന്നിവരും ഓര്‍ത്തഡോക്സ്‌ വിഭാഗത്തെ പ്രതിനിധീകരിച്ചു വൈദിക ട്രസ്റ്റി റവ ഡോ ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, സെമിനാരി മാനേജര്‍ ഫാ മത്തായി ഇടയനാല്‍ എന്നിവരുമാണു ചര്‍ച്ചയ്ക്കെത്തിയിരുന്നത്‌.

വെബ്ദുനിയ വായിക്കുക