പ്രശസ്ത തിരക്കഥാകൃത്ത് ടി എ ഷാഹിദ്(41) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ ഷാഹിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെ വഷളാകുകയും വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
ബാലേട്ടന്‍, രാജമാണിക്യം, നാട്ടുരാജാവ്, പച്ചക്കുതിര, മാമ്പഴക്കാലം, അലിഭായ്, താന്തോന്നി, ബെന്‍ ജോണ്‍സണ്‍, മത്സരം തുടങ്ങി ഇരുപതോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. എം എല്‍ എ മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രത്തിനാണ് അവസാനം തിരക്കഥയെഴുതിയത്. പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് സഹോദരനാണ്.
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഷാഹിദ്. ഇതിന്‍റെ കഥയും മറ്റ് വിശദാംശങ്ങളും മോഹന്‍ലാലുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നു. വി എം വിനുവുമായി ചേര്‍ന്ന് ഒരു മോഹന്‍ലാല്‍ ചിത്രത്തിനും പദ്ധതിയിട്ടിരുന്നു.
ബാലേട്ടന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെയാണ് ടി എ ഷാഹിദ് തിരക്കഥാ രചനയിലേക്ക് കടക്കുന്നത്. പിന്നീട് രാജമാണിക്യം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ഉള്‍പ്പടെ ഒട്ടേറെ ഹിറ്റുകള്‍ക്ക് ഷാഹിദ് രചന നിര്‍വഹിച്ചു.