തച്ചങ്കരിയെ തിരിച്ചെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

ചൊവ്വ, 20 ജൂലൈ 2010 (19:07 IST)
സസ്പെന്‍റ് ചെയ്യപ്പെട്ട ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്‍ ഐ എ ഇപ്പോള്‍ തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്താല്‍ ആ അന്വേഷണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാരിനെതിരെ തച്ചങ്കരി നല്‍കിയ ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനാണ് സര്‍ക്കാരിനുവേണ്ടി ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായത്. തച്ചങ്കരിയെ തിരിച്ചെടുക്കുന്നത്, തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടിയെയും എന്‍ ഐ എ നടത്തുന്ന അന്വേഷണത്തെയും മറ്റനവധി വിജിലന്‍സ് കേസുകളെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ട്രൈബ്യൂണലിനെ ധരിപ്പിച്ചു.

തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ തച്ചങ്കരി നല്‍കിയ ഹര്‍ജിയില്‍, വിദേശ യാത്ര നടത്തിയത് മുന്‍‌കൂര്‍ അനുമതിയോടെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് തച്ചങ്കരി സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ വ്യാജമാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. തച്ചങ്കരിയുടെ വിദേശയാത്ര സംബന്ധിച്ച് ഖത്തര്‍ സ്ഥാനപതിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും കത്തുകളും സര്‍ക്കാര്‍ ട്രൈബ്യൂണലിന് കൈമാറി.

ട്രൈബ്യൂണല്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. വിധി പിന്നീട്‌ പ്രസ്താവിക്കും.

വെബ്ദുനിയ വായിക്കുക