ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ വിദേശയാത്രാ വിവാദം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ എന്‍ ഐ എ അന്വേഷണം വരുന്നത്.
തന്‍റെ ഖത്തര്‍ യാത്രാവേളയില്‍ തച്ചങ്കരി ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണമാണ് എന്‍ ഐ എ അന്വേഷിക്കുന്നത്. കേരള സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഖത്തര്‍ അംബാസിഡറും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉന്നതതലയോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ടോമിന്‍ ജെ തച്ചങ്കരി ചൊവ്വാഴ്ച ആഭ്യന്തരമന്ത്രാലയത്തില്‍ നേരിട്ടെത്തി തന്‍റെ ഭാഗം വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് ആഭ്യന്തരമന്ത്രി പി ചിദംബരം ഉള്‍പ്പടെയുള്ളവര്‍ വിലയിരുത്തിയത്.
ഐ ജിക്ക് മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരായിരിക്കും തച്ചങ്കരിക്കെതിരായ അന്വേഷണം നടത്തുക.