ഡോക്‌ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തും

ബുധന്‍, 13 ജനുവരി 2010 (11:34 IST)
PRO
PRO
സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്താന്‍ തീരുമാനം. ഈ വര്‍ഷം മുതല്‍ തന്നെ ഇതു നടപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്സ് നിര്‍മ്മാണത്തിന് 56 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യും.

കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തില്‍ നാശനഷ്‌ടം സംഭവിച്ച വീടുകള്‍ക്കും കടകള്‍ക്കും ദുരിതാശ്വാസം നല്കുന്നതിനായി 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കും. ശബരിമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കും

ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നല്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ 31 ത്സ്‌തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സഖറിയയുടെ വിവാദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും അതിനെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാ‍യില്ല. സഖറിയയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പൌരനമാര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശത്തെ നിഷേധിക്കുന്നില്ലെന്നും പറഞ്ഞു.

വെബ്ദുനിയ വായിക്കുക