ഡിജിപിയ്ക്കെതിരെ സിബി മാത്യൂസ്

വ്യാഴം, 26 മെയ് 2011 (18:11 IST)
PRO
PRO
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ പരാതി നല്‍കിയവരില്‍ പൊലീസിലെയും വിജിലന്‍സിലെയും ചില ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതായി മുഖ്യവിവരാവകാശ കമ്മീഷണറും അഗ്നിശമനവിഭാഗം മുന്‍ ഡി ജി പിയുമായ സിബി മാത്യൂസ് ആരോപിച്ചു. കൈക്കൂലിക്കേസില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിബി മാത്യൂസ്.

മലബാര്‍ സിമന്‍റ്സില്‍ ഗ്രാഫൈറ്റ് വാങ്ങിയ കേസിലെ പ്രതിയായ മാനേജരില്‍ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. എന്നാല്‍ കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഹര്‍ജി തള്ളുകയായിരുന്നു. മഞ്ചേരി സ്വദേശി ഗോപിനാഥാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ചൂണ്ടിക്കാട്ടി ഡി ജി പി ജേക്കബ് പുന്നൂസിന് പരാതി നല്‍കിയിരുന്നു എന്നും സിബി മാത്യൂസ് പറഞ്ഞു. എന്നാല്‍ ഒന്നരവര്‍ഷത്തോളമായിട്ടും ഇതില്‍ ശരിയായ നടപടി സ്വീകരിച്ചിട്ടില്ല. പരാതിക്കാര്‍ സംരക്ഷിക്കപ്പെടണം എന്ന താല്‍പര്യം ഡി ജി പിയ്ക്ക് ഉള്ളതായി തനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സിബി മാത്യൂസ് വ്യക്തമാക്കി.

അതേസമയം തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക