ട്രോളിംഗ് നിരോധനം ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍

വെള്ളി, 17 മെയ് 2013 (15:11 IST)
PRO
PRO
ട്രോളിംഗ് നിരോധനം ജൂണ്‍ 14 ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസം സംസ്ഥാനത്ത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ ബാബു അറിയിച്ചു.

വര്‍ഷകാലത്താണ് ഏറെ മത്സ്യങ്ങളും കടലിനടിത്തട്ടില്‍ പ്രജനനം നടത്തുന്നത്. ട്രോളിംഗ് മത്സ്യമുട്ടകളെയും മത്സ്യക്കുഞ്ഞുങ്ങളെയും നശിപ്പിക്കുമെന്നതിനാല്‍ മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനാണ് ഈ സമയത്ത് ട്രോളിംഗ് നിര്‍ത്തിവയ്ക്കുന്നത്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനാണ് ഭാഗമായും വര്‍ഷകാല സമയത്ത് പ്രതികൂല സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ജീവഹാനി സംഭവിക്കാതിരിക്കാനും കടലില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായുമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ല. ഈ സമയത്തുതന്നെ കേന്ദ്രസര്‍ക്കാര്‍ പശ്ചിമതീരത്തുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ ബാബു അറിയിച്ചു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് എല്ലാ വിവരങ്ങളും ഈ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം.

ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പെട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് തീരദേശ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബോട്ടുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് അനുമതിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.

ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടിലെ ജീവനക്കാര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് ഈ വര്‍ഷം ഇരുപത് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ കടല്‍ സുരക്ഷാ സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പെട്രോളിംഗിനും ആവശ്യമായ തുക അഞ്ച് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക