ടെര്‍മിനലിന് ഒടുവില്‍ പ്രധാനമന്ത്രി തന്നെ ഉദ്ഘാടകന്‍

ശനി, 29 ജനുവരി 2011 (12:53 IST)
PRO
തിരുവനന്തപുരത്തെ രാജ്യാന്തര ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കപ്പെടുന്നു. വിവാദങ്ങള്‍ക്ക് ഒടുവില്‍ പ്രധാനമന്ത്രി തന്നെയായിരിക്കും ഉദ്ഘാടകന്‍. ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് ആയിരിക്കും ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുക. അന്നേദിവസം, കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി തലസ്ഥാനത്ത് പങ്കെടുക്കുന്ന ആദ്യചടങ്ങ് ആയിരിക്കും ഇത്.

ഉദ്ഘാടന ചടങ്ങിന്റെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. അതേസമയം, പുതിയ ടെര്‍മിനല്‍ എന്നു മുതല്‍ പ്രവര്‍ത്തിപ്പിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

അതേസമയം, രാജ്യാന്തര വിമാനത്താവളത്തില്‍ യൂസര്‍ ഫീ പിരിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്‌. എയര്‍പോര്‍ട്ട്‌ റഗുലേറ്ററി കമ്മിഷനു നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഫെബ്രുവരി 17നാണു കമ്മിഷന്‍ അംഗങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നത്‌. അതിനുശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ഇപ്പോള്‍ 755 രൂപയാണ്‌ ഒരു യാത്രക്കാരനില്‍നിന്നു ഫീസായി പിരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌.

അതു കുറയ്ക്കുന്നതിനു മുമ്പ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയാല്‍ യാത്രക്കാര്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതിനാല്‍ കമ്മിഷന്‍ തീരുമാനം വരുന്നതുവരെ യൂസര്‍ ഫീസ്‌ പിരിക്കാന്‍ പാടില്ലെന്നു മന്ത്രി എം വിജയകുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക