ടീകോമിന് അതിമോഹമെന്ന് മുഖ്യമന്ത്രി

ചൊവ്വ, 29 ജൂണ്‍ 2010 (12:33 IST)
PRO
ടീകോമിന്‍റെ അതിമോഹമാണ് സ്മാര്‍ട് സിറ്റി പദ്ധതി തടസ്സപ്പെടുത്തതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീകോം അധികൃതരുമായി ചര്‍ച്ച തുടരുകയാണ്‌. സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ക്ക്‌ ടീകോം വഴങ്ങുന്നില്ലെങ്കില്‍ പദ്ധതിക്കായി മറ്റു കമ്പനികളെ കൂടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വില്‍ക്കുന്നതിനായി ടീകോമിന്‌ ഭൂമി അനുവദിക്കാനാവില്ല. 12 ശതമാനം ഫ്രീ ഹോള്‍ഡിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. സംസ്ഥാന താത്പര്യം പരിഗണിച്ചു ചര്‍ച്ച തുടരുകയാണ്. സംസ്ഥാനം ഐടി കയറ്റുമതിയില്‍ റെക്കോഡ് വളര്‍ച്ച കൈവരിച്ചു.

ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണു വളര്‍ച്ച. ഐടി രംഗത്തു പതിനായിരം കോടിയുടെ നിക്ഷേപത്തിനു തുടക്കമിട്ടു. നിയമസഭയിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്‍ഫോപാര്‍ക്ക്‌ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഐടി മേഖലയില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന്‌ തുടക്കം കുറിച്ചെന്നും വി എസ്‌ അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ ഓഫീസുകളുടെ രൂപമല്ല മറിച്ച്‌ ധനകാര്യസ്ഥാപനങ്ങളുടെ ഗൗരവവും മോടിയുമാണ്‌ ട്രഷറികള്‍ക്ക്‌ ആവശ്യമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയില്‍ പറഞ്ഞു. 2010 അവസാനത്തോടെ സംസ്ഥാനത്തെ ട്രഷറികളുടെ കെട്ടും മട്ടും മാറ്റാനാണ്‌ ഉദ്ദേശിക്കുന്നത്‌. കൂടാതെ ട്രഷറികളുടെ പലിശാനിരക്ക്‌ കൂട്ടിയിട്ടുണ്ട്‌. ബാങ്കുകളുടെ നിരക്കിനേക്കാള്‍ അത്‌ എല്ലായ്പ്പോഴും അരശതമാനം കൂടുതലായി നിലനിര്‍ത്താനുള്ള തീരുമാനവും എടുത്തു കഴിഞ്ഞെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക