ടി പി വധം: സാക്ഷിക്ക് വധ ഭീഷണി

വെള്ളി, 12 ഏപ്രില്‍ 2013 (15:45 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിക്ക്‌ വധഭീഷണി. നാല്‍പത്തിയേഴാം സാക്ഷി നിത്യാനന്ദയ്ക്കെതിരേയാണ്‌ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്‌. ഭീഷണിയുമായി കൂത്തുപറമ്പിലെ ഇയാളുടെ വീടിന്‌ സമീപം പോസ്റ്ററുകള്‍ പതിക്കുകയും കരിങ്കൊടി കെട്ടുകയുമായിരുന്നു.

കൊലപാതകത്തിന്‌ ശേഷം കൊടി സുനിയുള്‍പ്പെടെയുള്ള മൂന്ന്‌ പ്രതികള്‍ സിപിഎം കൂത്തുപറമ്പ്‌ ഏരിയാ കമ്മറ്റി ഓഫീസിലേക്ക്‌ കയറിപ്പോകുന്നത്‌ കണ്ട സാക്ഷിയാണ്‌ നിത്യാനന്ദന്‍. സാക്ഷിവിസ്താരത്തില്‍ മൊഴിയില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഭീഷണിയെന്ന്‌ കരുതുന്നു. 'നമുക്ക്‌ കോടതിയിലല്ല നാട്ടില്‍ കാണാമെന്നും ഇത്‌ ചുവന്ന ഗ്രാമമാണെന്നും' പോസ്റ്ററില്‍ പറയുന്നു. പെറ്റമ്മയെ കാണണമെങ്കില്‍ ഓര്‍ക്കുക തുടങ്ങിയ വാചകങ്ങളും പോസ്റ്ററുകളിലുണ്ട്‌. സ്കെച്ചുകള്‍ കൊണ്ട്‌ എഴുതിയ പോസ്റ്ററുകള്‍ രാവിലെയാണ്‌ പ്രത്യക്ഷപ്പെട്ടത്‌.

അതേസമയം, കേസില്‍ കൂറുമാറിയ പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നല്‍കി. അതേസമയം, പരാതിയിന്‍മേലുള്ള തീരുമാനം കേസിന്റെ അന്തിമവിധിക്കൊപ്പമെന്ന്‌ ജഡ്ജി ഫയലില്‍ രേഖപ്പെടുത്തി. കൂറുമാറിയ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം മൂന്നു സാക്ഷികള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട്‌ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പരാതി നല്‍കിയത്.

ഇരുപത്തഞ്ചാം സാക്ഷി തലശ്ശേരി ചിറക്കര ജയശീല ഹൗസില്‍ സി കെ ബിന്ദുമോന്‍ (42), ഇരുപത്തെട്ടാം സാക്ഷി മാനന്തേരി യുപി സ്കൂള്‍ അധ്യാപകന്‍ പാറാല്‍ ഐശ്വര്യ വീട്ടില്‍ പി. അജിത്‌ (47), നാല്‍പ്പത്തി മൂന്നാം സാക്ഷിയും പാലക്കാട്‌ നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരനുമായ കൊട്ടിയൂര്‍ ചുങ്കക്കുന്ന്‌ സുധ നിവാസില്‍ അജിത്ത്‌ (42) എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

വെബ്ദുനിയ വായിക്കുക